Thursday 25 April 2013

അതിവേഗ റയില്‍: സ്ഥലം ഏറ്റെടുക്കുന്നതിന് മികച്ച സാമ്പത്തിക പാക്കേജെന്ന് മുഖ്യമന്ത്രി

Story Dated: Thursday, April 25, 2013 1:46 hrs IST

തിരുവനന്തപുരം . അതിവേഗ റയില്‍ ഇടനാഴിക്കായി സ്ഥലം ഏറ്റെടുക്കുന്നതിനും പുനരധിവാസത്തിനും സര്‍ക്കാര്‍ മികച്ച സാമ്പത്തിക പാക്കേജ് നല്‍കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പദ്ധതി സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉടന്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഏറ്റെടുക്കുന്ന സ്ഥലത്തെ ജനത്തിന്റെ ആശങ്ക ആദ്യം അകറ്റണമെന്നും പദ്ധതിയെക്കുറിച്ചു കൂടുതല്‍ വ്യക്തത വേണമെന്നും പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടു. പദ്ധതി നടപ്പാക്കാനുള്ള പിന്തുണ ചില നേതാക്കള്‍ ഉറപ്പുനല്‍കി.

 തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 526 കിലോമീറ്റര്‍ ദൂരത്തിലാണു ഹൈസ്പീഡ് റയില്‍ ഇടനാഴി വരുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇതില്‍ 73 കിലോമീറ്ററില്‍ മാത്രമാണു ഭൂമി ഏറ്റെടക്കേണ്ടി വരുന്നത്. 140 കിലോമീറ്ററില്‍ പാത ഭൂമിക്കടിയിലൂടെയാണ്. 296 കിലോമീറ്ററില്‍ പാളം ഭൂമിക്കു മുകളില്‍ തൂണുകളിലെ പാലത്തിലൂടെയാണ്. തൂണുകള്‍ സ്ഥാപിക്കുന്നതിന് 20 മീറ്റര്‍ വീതിയില്‍ മാത്രം ഭൂമി മതി. അവിടെപ്പോലും തൂണുകള്‍ ഒഴികെയുള്ള സ്ഥലം ചില ഉപാധികളോടെ ഉടമയ്ക്കു തന്നെ നല്‍കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

 ഭൂമി ഏറ്റെടുക്കുമ്പോള്‍ അത് 6306 കുടുംബങ്ങളെ മാത്രമേ ബാധിക്കുകയുള്ളൂ. അവര്‍ക്കു നല്ല പാക്കേജ് സര്‍ക്കാര്‍ നല്‍കും. ഭൂമിയിലൂടെയുള്ള 73 കിലോമീറ്റര്‍ പാത വരുന്ന പല സ്ഥലത്തും മുറിച്ചുകടക്കാനായി മേല്‍പ്പാലമോ അടിപ്പാതയോ നിര്‍മിക്കും. സര്‍വേ പൂര്‍ത്തിയാകുമ്പോള്‍ അന്തിമ അലൈന്‍മെന്റില്‍ ചില്ലറ മാറ്റങ്ങള്‍ ഉണ്ടാകും. അതിനായാണ് ഇപ്പോള്‍ പല സ്ഥലത്തും 100 മീറ്റര്‍ വീതിയില്‍ കല്ലിടുന്നതെന്നും എന്നാല്‍ 20 മീറ്റര്‍ വീതിയില്‍ മാത്രമേ സ്ഥലം ഏറ്റെടുക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

 സുതാര്യമായും വ്യക്തതയോടും കൂടിയാകും പദ്ധതി നടപ്പാക്കുക. മുഴുവന്‍ വിശദാംശവും എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉടന്‍ എത്തിക്കും. അതിനുശേഷം രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വീണ്ടും ചേരും. ജനങ്ങളെ വിശ്വാസത്തിലെടുത്തും ബോധ്യപ്പെടുത്തിയുമാകും പദ്ധതി നടപ്പാക്കുക. ഗെയില്‍ പൈപ്പ്ലൈനും കൂടംകുളം പദ്ധതിയും നമ്മുടെ മുന്നിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതി വിശദാംശങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു നേരത്തെ എത്തിച്ചെന്നു റയില്‍ ഇടനാഴി കമ്പനി എംഡി: ടി. ബാലകൃഷ്ണന്‍ പറഞ്ഞെങ്കിലും തങ്ങള്‍ക്ക് അതു കിട്ടിയിട്ടില്ലെന്ന് എല്ലാ പാര്‍ട്ടി നേതാക്കളും പറഞ്ഞു. ഇപ്പോള്‍ സര്‍വേ മാത്രമാണു നടത്തുന്നതെന്നും പദ്ധതി വേണമോ വേണ്ടയോ എന്നു മന്ത്രിസഭ പിന്നീടു മാത്രമേ തീരുമാനിക്കുകയുള്ളൂവെന്നും യോഗാവസാനം ബാലകൃഷ്ണന്‍ പറഞ്ഞതു നേതാക്കളെ ചൊടിപ്പിച്ചു. ഉടന്‍ തന്നെ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഇടപെട്ടു വിഷയം ലഘൂകരിച്ചു. മന്ത്രി കെ.എം. മാണി, ഇ. ശ്രീധരന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, മറ്റു രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

സര്‍വകക്ഷിയോഗത്തിനു മുമ്പായി എല്‍ഡിഎഫിന്റെ അടിയന്തരയോഗം ചേര്‍ന്ന് അവിടെ സ്വീകരിക്കേണ്ട നിലപാടു ചര്‍ച്ച ചെയ്തു. അതിവേഗ റയില്‍പ്പാതയെ  ഘട്ടത്തില്‍ എതിര്‍ക്കുയോ പിന്തുണയ്ക്കുകയോ വേണ്ടെന്ന തീരുമാനമാണ് അവിടെ ഉണ്ടായത്. വിശദാംശങ്ങള്‍ പഠിച്ചശേഷമേ അതു സാധിക്കൂ. അതിനാല്‍ ഇതു സംബന്ധിച്ച രേഖകളും മറ്റും സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ മുന്നണി യോഗം നിശ്ചയിച്ചിരുന്നു.
  

1 comment:

  1. Is the new route path available somewhere? Kindly share it.

    ReplyDelete